ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് പ്രക്രിയ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ;വിതരണം എട്ടിന്

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) കമീഷനിങ് പ്രക്രിയ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇ.വി.എം കമീഷനിങ് സുഗമമായി നടത്തുന്നതിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേംബറില്‍ ചേര്‍ന്ന റിട്ടേണിങ് ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വോട്ടിങ് മെഷീന്‍ കമീഷനിങ് നടത്താനും അതിന് ശേഷം സൂക്ഷിക്കാനും ഓരോ മണ്ഡലങ്ങള്‍ക്കും പ്രത്യേക കേന്ദ്രങ്ങള്‍ കണ്ടെത്തിയതായി റിട്ടേണിങ് ഓഫീസര്‍മാര്‍ അറിയിച്ചു. കമീഷനിങ്ങിന്റെയും വിതരണത്തിന്റെയും സജ്ജീകരണങ്ങള്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ വിശദീകരിച്ചു.
           മെഷീനുകള്‍ സൂക്ഷിക്കുന്ന മുറികള്‍ക്ക് കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. എല്ലാ സ്‌ട്രോങ് റൂമുകളുടെ പരിസരത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും പോലീസ് സുരക്ഷ ഉറപ്പുവരുത്തുകയും വേണം. സ്‌ട്രോങ് റൂം തുറക്കുമ്പോഴും അടക്കുമ്പോഴും ക്യാമറയില്‍ പകര്‍ത്തണം. പോസ്റ്റല്‍ ബാലറ്റുകളും ഹോം വോട്ടിങ് മെഷീനുകളും സൂക്ഷിക്കാന്‍ പ്രത്യേക സ്‌ട്രോങ് റൂമുകള്‍ സജ്ജീകരിച്ച് അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എ മോഹനപ്രിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സമയം എന്നിവ സെറ്റ് ചെയ്ത് മെഷീനുകള്‍ പോളിങ്ങിനായി തയാറാക്കി അവ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഇവിഎം കമീഷനിങ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കിയ യന്ത്രങ്ങള്‍ വോട്ടെടുപ്പിന്റെ തലേദിവസമാണ് വിതരണം ചെയ്യുക. അതുവരെ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

            ജില്ലയിലെ കമീഷനിങ്/വിതരണ കേന്ദ്രങ്ങള്‍: വടകര -ഗവ. കോളേജ് മടപ്പള്ളി, നാദാപുരം -മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റ്യാടി -മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊയിലാണ്ടി -പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -കോക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്, എലത്തൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളേജ്, കോഴിക്കോട് നോര്‍ത്ത് -വെള്ളിമാടുകുന്ന്
ജെ.ഡി.ടി ഇസ്‌ലാം എജ്യൂക്കേഷണല്‍ കോംപ്ലക്‌സ്, കോഴിക്കോട് സൗത്ത് -മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ബേപ്പൂര്‍ -മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് മെയിന്‍ ബ്ലോക്ക്, കുന്ദമംഗലം -കോഴിക്കോട് ഗവ. ലോ കോളേജ്, കൊടുവള്ളി -കൊടുവള്ളി കെ.എം.ഒ എച്ച്.എസ്.എസ്, തിരുവമ്പാടി -സെന്റ് മേരീസ് സ്‌കൂള്‍, കൂടത്തായി.

Leave a Reply

Your email address will not be published.