എൽപിജി പ്രതിസന്ധി പരിഹരിക്കാനായി 10 കിലോയുടെ സിലിണ്ടർ വിതരണം പരിഗണനയിലെന്ന് റിപ്പോർട്ട്. നിലവിലുള്ള 14.2 കിലോ സിലിണ്ടറിൽ തന്നെ 10 കിലോ നിറച്ച് പരമാവധി ആളുകളിലേക്ക് എൽപിജി എത്തിക്കാനാണ് ആലോചന. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിക്കും, വിലയും കുറയ്ക്കും.
പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. സാധാരണ ഗതിയിൽ ഒരു 14.2 കിലോ സിലിണ്ടർ 35-40 ദിവസം വരെ ലഭിക്കാറുണ്ട്. 10 കിലോ സിലിണ്ടർ ഏതാണ്ട് ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നു. സിലിണ്ടറിലെ ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് അതിന്റെ വിലയിലും ആനുപാതികമായ കുറവ് വരുത്തും.
