കോഴിക്കോട് ജില്ലയിലെ പക്ഷിപ്പനി; പതിനയ്യായിരത്തോളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കി

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. രോഗം കണ്ടെത്തിയ അഞ്ച് കേന്ദ്രങ്ങളിലായി പതിനയ്യായിരത്തോളം വളർത്തുപക്ഷികളെ ഇതിനകം കൊന്നൊടുക്കി. രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലെ കോഴി, താറാവ് ഉൾപ്പെടെയുള്ള പക്ഷികളെയാണ് നശിപ്പിച്ചത്.

ബാലുശ്ശേരിയിലെ പനങ്ങാട് പഞ്ചായത്തിലെ 12, 15, 16 വാർഡുകളിൽ മാത്രം 450ഓളം പക്ഷികളെ കൊന്നൊടുക്കിയതായി അധികൃതർ അറിയിച്ചു.

ആർആർടി സംഘത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പത്ത് കിലോമീറ്റർ പരിധി വരെ സർവൈലൻസ് സോൺ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഈ മേഖലയിലുടനീളം കോഴി, കാട, താറാവ് തുടങ്ങിയവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മറ്റു പ്രദേശങ്ങളിലെ വളർത്തുപക്ഷികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും.

അതേസമയം, വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്നവർ ഉൾപ്പെടെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാ ഭരണകൂടത്തിന്റെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.