വിവാഹം കഴിക്കുന്നത് വീട്ടുജോലി ചെയ്യിപ്പിക്കാനല്ലെന്നും മറിച്ച് ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാണെന്നും സുപ്രീംകോടതി

വിവാഹം കഴിക്കുന്നത് വീട്ടുജോലി ചെയ്യിപ്പിക്കാനല്ലെന്നും മറിച്ച് ഒരു ജീവിതപങ്കാളിയെ കണ്ടെത്താനാണെന്നും സുപ്രീംകോടതി. പാചകം ഉൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിക്കുന്ന ഭാര്യ ക്രൂരത കാട്ടുന്നു എന്ന് പറയാനാകില്ലെന്ന് കോടതി. അടുക്കളയിലെ ജോലികളും അലക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ പുരുഷന്മാരും പങ്കിട്ടു ചെയ്യണമെന്നും ജസ്റ്റിസ് സന്ദീപ് മേത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭാര്യ ഭക്ഷണം പാചകം ചെയ്യാൻ വിസമ്മതിക്കുന്നുവെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുന്നുവെന്നും ആരോപിച്ച് ഒരു സർക്കാർ സ്കൂൾ അധ്യാപകൻ സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. 

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭാര്യയുടെ സ്വഭാവം മാറിയെന്നും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും യുവാവ് ആരോപിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെയും വീട്ടുകാരുടെയും സമ്മതത്തോടെയാണ് പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും, എന്നാൽ ചടങ്ങിനെത്താതെ ഭർത്താവും കുടുംബവും സ്വർണ്ണത്തിനും പണത്തിനും വേണ്ടി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ കോടതിയിൽ വാദിച്ചു.

2017-ൽ വിവാഹിതരായ ദമ്പതികൾക്ക് എട്ടു വയസ്സുള്ള ഒരു മകനുണ്ട്. യുവതിയുടെ വാദങ്ങൾ കൂടി പരിഗണിച്ച കോടതി, വീട്ടുജോലികൾ പങ്കിട്ടു ചെയ്യേണ്ടതാണെന്നും അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അടിവരയിട്ടു പറഞ്ഞു. ജീവിതപങ്കാളിയെ കേവലം ഒരു വേലക്കാരിയായി കാണുന്ന പ്രവണത ശരിയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published.