ശബരിമല: ഉത്സവത്തിനായി മാർച്ച് 22-ന് വൈകീട്ട് അഞ്ചുമണിക്ക് ശബരിമല ക്ഷേത്രനട തുറക്കും. മാർച്ച് 23-ന് രാവിലെ 11.30-നും 12-നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ കൊടിയേറ്റും. മാർച്ച് 23 മുതൽ 31 വരെ ഉച്ചപ്പൂജയ്ക്കുശേഷം നടക്കുന്ന ഉത്സവബലിയും അത്താഴപ്പൂജ കഴിഞ്ഞുള്ള ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകൾ. 31-നാണ് പള്ളിവേട്ട. ക്ഷേത്രത്തിൽനിന്ന് രാത്രി എട്ടരയ്ക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടും. വാദ്യമേളങ്ങളിലല്ലാതെയായിരിക്കും എഴുന്നള്ളത്ത്. ഒമ്പതിന് പള്ളിവേട്ടയ്ക്കുശേഷം ഒമ്പതരയോടെ വാദ്യമേളങ്ങളോടെയും തീവെട്ടികളുടെ ദീപപ്രഭയോടെയും എഴുന്നള്ളത്ത് തിരിച്ചത്തും. തുടർന്ന് പള്ളിക്കുറുപ്പ്.
നെയ്യഭിഷേകം രാവിലെ ഏഴുവരെമാത്രം; വെർച്വൽ ക്യൂവിൽ നിയന്ത്രണം
കൊടിയേറ്റ് ദിവസം ഒഴിച്ച് എല്ലാദിവസവും നെയ്യഭിഷേകം രാവിലെ 5.30 മുതൽ ഏഴുമണിവരെ മാത്രമേ ഉണ്ടാകൂ. രണ്ടാം ഉത്സവം മുതൽ എട്ടാം ഉത്സവംവരെ ഉത്സബലി ഉള്ളതിനാലും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലുമാണ് നെയ്യഭിഷേകസമയം ചുരുക്കിയത്.ഉത്സവബലി നടക്കുന്നതിനാൽ രണ്ടാംഉത്സവം മുതൽ എട്ടാം ഉത്സവംവരെ രാവിലെ ഒമ്പതിനുശേഷം പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല.ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദർശനത്തിനാണ് പിന്നീട് അനുവദിക്കുക. ഉത്സവദിവസങ്ങളിൽ വെർച്വൽ ക്യൂവിൽ 25,000 പേർക്കുമാത്രമേ ദർശനം അനുവദിക്കൂ. ആറാട്ട് ദിവസം 10,000 പേർക്കേ ദർശനത്തിന് അവസരമുള്ളൂ.
