കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഒരു ജില്ലകളിലും പ്രത്യേക അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. തമിഴ്നാടിന് മുകളിലായി കേരളത്തോട് ചേർന്ന് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മന്നാർ കടലിടുക്ക് മുതൽ തമിഴ്നാട് വഴി തെക്കൻ കർണാടകയുടെ ഉൾഭാഗം വരെ ഒരു ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. വരും ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
