കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 10 കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളുടെ ഉപയോഗവും വിപണനവും നിരോധിച്ചു

കോഴിക്കോട് : ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. രാജ്യാന്തര, ദേശീയ തലങ്ങളിൽ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ (പ്രഭവ കേന്ദ്രം) ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ് നാളെ നടത്താൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് ഇതു നടപ്പാക്കുക. 14,228 വളർത്തു പക്ഷികളെയാണ് കൊന്നു നശിപ്പിക്കുക.

           തുടർന്ന് കള്ളിങ്ങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥർ ഒളിപ്പിച്ചതോ മറ്റിടങ്ങളിലേക്കു കടത്തിയതോ ആയ പക്ഷികൾ ഉണ്ടെങ്കിൽ അവയെ കണ്ടുപിടിച്ചു നശിപ്പിക്കുന്ന കോംബിങ് തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങൾ രണ്ടാം ഘട്ടമായി നടപ്പാക്കും. നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ, കക്കോടി, പനങ്ങാട്, പെരുമണ്ണ, കോർപറേഷൻ പരിധിയിലെ നല്ലളം എന്നിവിടങ്ങളിൽ 4 വീതം ആർആർടി ടീമുകളെ സജ്ജമാക്കി.ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തിൽ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയച്ച 5 സാംപിളുകളാണ് ഹൈ പതോജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ പക്ഷികളിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

         യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എസ്.സജീദ്, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ പി.സി.മുജീബ്, ജില്ലാ മെഡിക്കൽ ഓഫിസർ കെ.കെ.രാജാറം, ചീഫ് വെറ്ററിനറി ഓഫിസർ ഡോ. സിബി കെ.ചാക്കോ, ജില്ലാ മൃഗ സംരക്ഷണ ഓഫിസർ ഡോ. പി.കെ.രമാദേവി, ഡപ്യൂട്ടി ഡയറക്ടർ ഡോ. ഷറഫുദ്ദീൻ, എപ്പിഡമോളജിസ്റ്റ് ഡോ. ഫസലുറഹ്മാൻ, ഡോ. സ്നേഹരാജ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.