കോഴിക്കോട് : പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെ (45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പരീക്ഷ എഴുതാൻ സ്കൂളിൽ കൊണ്ടുപോകാനായി മുഹമ്മദ് നൂറിനെ രക്ഷിതാക്കൾ ചുമതലപ്പെടുത്തിയിരുന്നു.
പരീക്ഷയ്ക്കു കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിർത്തി ഇയാൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് തന്നെ ഉപദ്രവിച്ച വിവരം പറഞ്ഞു.വീട്ടുകാരുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പള്ളിത്താഴത്ത് വച്ച് ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിന്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
