നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് വി ഡി സതീശന്‍. കോൺഗ്രസ് 95 സീറ്റുകളിലും മുസ്ലിംലീഗ് 27 സീറ്റുകളിലും മത്സരിക്കും. കേരളാ കോണ്‍ഗ്രസ് 8 സീറ്റുകളിലും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുനല്‍കിയിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വി ഡി സതീശന്‍ ന്യൂഡൽഹിയിൽ അറിയിച്ചു. പയ്യന്നൂരില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
”യുഡിഎഫിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 95 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 27 സീറ്റുകളില്‍ മുസ്‌ലിംലീഗ് മത്സരിക്കും. 8 സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഒരു പ്രാവശ്യത്തേക്ക് കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ട്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കോണ്‍ഗ്രസ് വെച്ചുമാറും. ആര്‍എസ്പി കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളും ഇപ്രാവശ്യവും അവര്‍ തന്നെയാണ് മത്സരിക്കുക. അതില്‍ അഞ്ചാമത്തെ സീറ്റായ മട്ടന്നൂര്‍ ഇപ്രാവശ്യം കോണ്‍ഗ്രസിന് വിട്ടുതന്നിട്ടുണ്ട്. പകരം കൊടുത്തത് പയ്യന്നൂരാണ്. പ്രത്യേക സാഹചര്യത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കുകയാണ്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിയ്ക്ക് തിരുവനന്തപുരവും കെഡിപിയ്ക്ക് പാലയും വിട്ടുകൊടുക്കാന്‍ തീരുമാനമായി. ആര്‍എംപിയ്ക്ക് വടകരയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി വി അന്‍വറിന് ബേപ്പൂരും കൊടുക്കാന്‍ തീരുമാനമായി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. 40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും ഇന്ന് തീരുമാനിക്കും”- വി ഡി സതീശന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.
