സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അവസാനിക്കുന്നത് വരെ പെരുമാറ്റ ചട്ടം നിലനിൽക്കും.
ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്കി സ്വാധീനിക്കല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടി പെരുമാറ്റ സംഹിത നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മീഷന് സ്വീകരിക്കും.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല
വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ ഏര്‍പ്പെടാന്‍ പാടില്ല.
മറ്റു രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വ ചരിത്രത്തിലും പ്രവര്‍ത്തനങ്ങളിലും മാത്രമാവേണ്ടതാണ്. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വകാര്യ ജീവിതത്തെകുറിച്ചുള്ളതായിരിക്കരുത്. അടിസ്ഥാനരഹിതവും വളച്ചൊടിച്ചതുമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കാന്‍ പാടില്ല.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ പാടില്ല. പള്ളികള്‍, ക്ഷേത്രങ്ങള്‍, മുസ്ലിം പള്ളികൾ, മറ്റ് ആരാധനാലയങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തരുത്.
സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുക, പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരികെയും സമ്മതിദായകരെ വാഹനങ്ങളില്‍ കൊണ്ടുപോകുക തുടങ്ങിയവ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണ്.
ഒരു വ്യക്തിയുടെ രാഷ്ട്രീയാഭിപ്രായങ്ങളോടും പ്രവര്‍ത്തനങ്ങളോടും മറ്റു രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എത്രതന്നെ എതിര്‍പ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യ ജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണം. വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുക, പിക്കറ്റിങ് നടത്തുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ല.
ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില് തുടങ്ങിയവ അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.
