കാക്കൂരിൽ ഡാനിഷ് ഡയറി ഫാമിൻ്റെ സൈൻ ബോർഡ് മോഷ്ടിച്ചു; ഫാം ഉടമയ്ക്കും കുടുംബത്തിനും നേരെ ഭീഷണി

ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പ്രവർത്തിക്കുന്ന ഡയറി ഫാം ഉടമയുടെ സൈൻ ബോർഡ് ഒരു സംഘം ആളുകൾ ചേർന്ന് മോഷ്ടിച്ചതായി പരാതി. കാക്കൂർ 9/5-ൽ പ്രവർത്തിക്കുന്ന ഡാനിഷ് ഡയറി ഫാം ഉടമ ഡാനിഷ് മജിദാണ് കാക്കൂർ പോലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എസ്റ്റേറ്റ് റോഡിന് സമീപം കോഴിക്കോട്-ബാലുശ്ശേരി റോഡിൽ സ്ഥാപിച്ചിരുന്ന ഇരുപതിനായിരം രൂപയോളം വിലമതിക്കുന്ന സൈൻ ബോർഡാണ് മോഷണം പോയത്. പരാതിക്കാരന്റെ പിതാവ് മജിദ് ഫാമിലേക്ക് വരുന്ന സമയത്താണ് ഒരു സംഘം ആളുകൾ ചേർന്ന് ബോർഡ് ഇളക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടത്. ​കരുവാലിയിൽ മീത്തൽ സ്വദേശികളായ ജുനൈദ്, ഷമിം എന്നിവരും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേരും ചേർന്നാണ് കൃത്യം നിർവ്വഹിച്ചതെന്ന് പരാതിയിൽ പറയുന്നു. മുമ്പ് ഫാമിലെ പശുക്കളെ ഉപദ്രവിച്ച കേസിലും ഇവർ പ്രതികളാണെന്നും ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നും ഡാനിഷ് മജിദ് ആരോപിക്കുന്നു.

മോഷണത്തിന് ശേഷം പ്രതികൾ ഫാമിന് മുന്നിലെത്തി വധഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്.
ഡാനിഷ് മജിദിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകിക്കൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നേരത്തെ ‘പ്രൊട്ടക്ഷൻ ഓർഡർ’ പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെയാണ് പ്രതികൾ ഇത്തരത്തിൽ അതിക്രമം കാട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്.​ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനും മോഷണം നടത്തിയതിനും പ്രതികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഫാം ഉടമ ആവശ്യപ്പെട്ടു. സംഭവത്തിൽ കാക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published.