കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെക്കുറിച്ചുള്ള ഓർമകൾ പുസ്തകമാകുന്നു. അമ്മയായ ഷീലയണ് 72 ദിവസം നീണ്ട കാത്തിരിപ്പ് പുസ്തക രൂപത്തിൽ കുറിച്ചിട്ടത്. അര്ജുന് എന്റെ മകന് എന്ന പുസ്തകത്തിന്റെ കവര്‍ കോഴിക്കോട് പ്രകാശനം ചെയ്തു. എം.കെ. രാഘവന് എംപി മേയര്‍ ഒ. സദാശിവന് കൈമാറി പുസ്തകത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. അര്‍ജുന്റെ ഭാര്യ, സഹോദരി, ബന്ധുക്കൾ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
2024 ജൂലൈയിൽ ഷിരൂരില്‍ അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായി പ്രാർഥിക്കുകയും കാത്തിരിക്കുകയും ചെയ്തത് ആ കുടുംബം മാത്രമായിരുന്നില്ല, മലയാളികളൊന്നടങ്കമായിരുന്നു. ഒപ്പം നിന്നതിനും പിന്തുണച്ചതിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ 72 ദിവസത്തെ കാത്തിരിപ്പ് അമ്മ ഷീല കുറിച്ചു വയ്ക്കുന്നത്. ഈ സമയത്ത് സംഭവിച്ചതിൽ പുറം ലോകം അറിയാത്ത ചില കാര്യങ്ങൾ കൂടി താൻ കുറിച്ചിട്ടുണ്ടെന്നും എന്നാൽ ആരെയും വേദനിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നും ഷീല പറയുന്നു.
