ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് നൽകാൻ സർക്കാർ തീരുമാനം. 2024 ഡിസംബർ 31 വരെ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ചുമത്തിയിട്ടുള്ള പിഴയ്ക്ക് 50 ശതമാനം ഇളവ് അനുവദിക്കുന്നതിന് ആംനസ്റ്റി പദ്ധതി നടപ്പാക്കും. ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം.

ഒരേ വാഹനങ്ങൾക്ക് നിരവധി ഇ-ചെല്ലാനുകൾ പെൻഡിംഗ് നിലയിൽ തുടരുന്നതും ചില നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടയ്ക്കേണ്ടി വരുന്നതുമാണ് പല വാഹന ഉടമകളെയും ഇ-ചെല്ലാൻ കേസുകൾ തീർപ്പാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇതോടെ ഇ-ചെല്ലാൻ കേസുകൾ വർധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി ഉയരുന്ന സാഹചര്യമാണ്.

ഈ സാഹചര്യത്തിൽ, തീർപ്പാക്കാനുള്ള ഇ-ചെല്ലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് അനുവദിക്കണമെന്നായിരുന്നു ഗതാഗത കമ്മീഷണറുടെ ശുപാർശ. അതനുസരിച്ചാണ് സർക്കാർ ആംനസ്റ്റി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ ഈ വർഷം ഏപ്രിൽ 30നകം അടച്ച് തീർക്കുന്നവർക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക.

Leave a Reply

Your email address will not be published.