കോഴിക്കോട് : ദേശീയപാത 66 ൽ രാമനാട്ടുകര മുതൽ വെങ്ങളം വരെയുളള റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് മന്ത്രി പി.കെ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ റോഡ് ഷോയിൽ മന്ത്രിയും സംഘവും സഞ്ചരിച്ച വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല. ഇതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒക്ക് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു പരാതി നൽകി. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വികസനപദ്ധതികളുടെ വേദിയിൽ ഇടം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനവും റോഡ് ഷോയും സംഘടിപ്പിച്ചത്.റോഡ് ഷോയ്ക്ക് കെഎൽ 01 9069 നമ്പരിലുള്ള തുറന്ന ജീപ്പിലാണ് മന്ത്രിയും സംഘവും സഞ്ചരിച്ചത്.
മാർച്ച് 11 ന് ഉച്ചയ്ക്ക് 11 മണി മുതൽ സംഘടിപ്പിച്ച റോഡ് ഷോയിൽ എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് തുടങ്ങിയവരും ഇതേ വാഹനത്തിലാണ് സഞ്ചരിച്ചത്. മോട്ടർ വാഹന നിയമം അനുശാസിക്കുന്ന വെഹിക്കിൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനം ഉപയോഗിക്കുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും മന്ത്രി അത്തരത്തിലുള്ള വാഹനത്തിൽ യാതൊരു സുരക്ഷയും ഇല്ലാതെ യാത്ര ചെയ്തത് പൊതുസമൂഹത്തോടുള്ള വെല്ലുവിളിയും നിയമലംഘനവുമാണെന്ന് ബിജെപി നൽകിയ പരാതിയിൽ പറയുന്നു.
നിയമലംഘനം നടത്തിയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും ബോധപൂർവം നിയമലംഘനത്തിന് നേതൃത്വം നൽകിയ മന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും പരാതിയിലുണ്ട്.മോട്ടർ വാഹന വകുപ്പിന്റെ രേഖകളിൽ വണ്ടിയുടെ ഉടമസ്ഥൻ ആയി രേഖപ്പെടുത്തിയ പാലക്കാട് സ്വദേശി സി.പി.പ്രജിത്തുമായി ബന്ധപ്പെട്ടപ്പോൾ രാമനാട്ടുകരയിലെ ഒരു സുഹൃത്തിന് വാഹനം കൈമാറിയെന്നാണ് മനോരമ ഓൺലൈനോട് പറഞ്ഞത്. 1990 ൽ റജിസ്റ്റർ ചെയ്ത വാഹനത്തിന് 36 വർഷം പഴക്കമുണ്ട്. ജനുവരി 28 ന് ആണ് വാഹനത്തിന്റെ ഫിറ്റ്നസ് കാലാവധി അവസാനിച്ചത്.
