കോഴിക്കോട്: സെക്യൂരിറ്റിക്കാരന്റെ മുക്കാൽ ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാൾ പിടിയിൽ. ഫ്രാൻസിസ് റോഡിലെ സ്വകാര്യ ഇലക്ട്രിക്കൽസ് ഗോഡൗൺ സെക്യൂരിറ്റിയുടെ എൺപതിനായിരത്തോളം രൂപയും മറ്റു രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച ഫറോക് വെസ്റ്റ് നെല്ലൂർ സ്വദേശി വരയൻ മനോജ് എന്ന മനോജ് കുമാറി(60) നെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ് ഐപിഎസിന്റെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ എസിപി പ്രമോദന്റെ നേതൃത്വത്തിൽ ചെമ്മങ്ങാട് സബ് ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ചേർന്ന് പിടികൂടിയത്.
ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പകൽസമയം ഇലക്ട്രിക്കൽസിൽ സെയിൽസ്മാനായി ഡ്യൂട്ടി ചെയ്തു രാത്രി അവരുടെതന്നെ ഗോഡൗണിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരുന്ന വിലങ്ങാട് സ്വദേശിയുടെ ബാഗാണ് കവർന്നത്. സെയിൽസ് ഡ്യൂട്ടി കഴിഞ്ഞ് കുളിച്ച് തിരിച്ചു വന്നപ്പോഴേക്കും പ്രതി അകത്ത് കയറി ബാഗ് കൈക്കലാക്കി കടന്നു കളഞ്ഞിരുന്നു.സിസിടിവി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. മോഷണം നടത്തിയ പണം തീരുന്നത് വരെ പല ജില്ലകളിലായി കറങ്ങി നടന്ന പ്രതി തിരിച്ചു കോഴിക്കോട് എത്തിയെന്ന് ക്രൈം സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ആർടിസ്റ്റാണെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചാണ് സാധാരണയായി ഇയാൾ മോഷണം നടത്താറുള്ളത്.
ഇയാളുടെ പേരിൽ കോഴിക്കോട് നടക്കാവ്, കസബ, ടൗൺ, മെഡിക്കൽ കോളജ് എന്നീ സ്റ്റേഷനുകളിലും തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലും മോഷണ കേസുകളുണ്ട്. കൂടാതെ, നല്ല നടപ്പിന് പൊലീസ് നൽകിയ റിപ്പോർട്ടിന്മേൽ ഹാജരാവാനുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വാറണ്ടും ഇയാൾക്കെതിരെയുണ്ട്. പരാതിക്കാരന്റെ വാച്ച് പ്രതിയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. മറ്റു രേഖകൾ കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
