കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വഴി കാട്ടാനായി തയ്യാറാക്കിയ പാദ ആപ്പിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി വിവിധ വാർഡുകളും ഒ പികളും ലാബുകളും തിരഞ്ഞ് അലയേണ്ടി വരില്ല. മൊബൈൽ ഫോണിൽ ബാർകോഡ് സ്കാൻ ചെയ്തു എത്തിച്ചേരേണ്ട സ്ഥലം രേഖപ്പെടുത്തിയാൽ കൃത്യമായി വഴികാട്ടുന്ന ആപ്പുമായി ഒരുപറ്റം ചെറുപ്പക്കാർ രംഗത്ത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനായി വികസിപ്പിച്ച ‘പാദ’ (Paadha) AR മാപ്പ് സംവിധാനത്തിന്റെ ഡെമോ പ്രകാശനവും ഔദ്യോഗിക ഉദ്ഘാടനവും ബുധനാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ ജില്ലാ കലക്ടർ ശ്രീ. സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.

ആശുപത്രി ക്യാമ്പസിൽ എത്തുന്ന രോഗികളും സന്ദർശകരും വിവിധ വകുപ്പുകളും സേവന കേന്ദ്രങ്ങളും എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ആഗ്മെന്റഡ് റിയാലിറ്റി (AR) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സുഹൃത്തുക്കളായ സലീൽ സഹൽ, നിതിൻ എപി, സാലിഹ്, നസീം എന്നിവർ ചേർന്നാണ് ആപ്പ് നിർമിച്ചത്. ക്യാമ്പസിൽ നിൽക്കുന്ന സ്ഥലത്ത് നിന്ന് തന്നെ മൊബൈൽ ഫോണിലൂടെ ആവശ്യമായ വകുപ്പിലേക്കുള്ള വഴി വ്യക്തമായി കാണിച്ചുതരുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്.

നിലവിൽ മെഡിക്കൽ കോളേജിലെ മെഡിക്കൽ കോളെജ് ബ്ലോക്കിൽ ഇവർ തന്നെ വികസിപ്പിച്ച 2D മാപ്പ് സംവിധാനം ലഭ്യമാണ്. വിപുലമായ ആശുപത്രി ക്യാമ്പസുകളിൽ വഴിതെറ്റൽ കുറയ്ക്കാനും രോഗികളും ബന്ധുക്കളും നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും AR മാപ്പ് സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു. തികച്ചും സൗജന്യമായാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയതെന്ന് നിർമ്മാതാക്കൾ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ രക്തം ലഭ്യമാക്കുന്നത് സുഗമമാക്കാൻ സംയുക്ത ബ്ലഡ് ഡൊണേഷൻ സിസ്റ്റവും നടപ്പിലാക്കുന്നുണ്ട്. ബ്ലഡ് ഡോണർമാരെ വേഗത്തിൽ കണ്ടെത്താനും ആവശ്യക്കാരുമായി ബന്ധിപ്പിക്കാനും ഇത് സഹായിക്കും.

ആരോഗ്യ രംഗത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെ രോഗികൾക്കും ബന്ധുക്കൾക്കും കൂടുതൽ സഹായകരമായ സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘പാദ’ എന്ന സോഷ്യൽ സ്റ്റാർട്ടപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരം ആപ്പ് പ്രവർത്തിക്കുന്നത്. പരിപാടിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഐ എം സി എച് സൂപ്രണ്ട് ഡോ അരുൺ പ്രീത് എച്ച്.ഡി.എസ് മെമ്പർ ശ്രീ. സലീം മടവൂർ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.