യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നൽകുന്ന മുൻ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഐ.സി.ഏലിക്കുട്ടി മെമ്മോറിയൽ രണ്ടാമത് മഹിളശ്രീ പുരസ്‌കാരത്തിന് കല്ലാനോട് വെളിയംകുളത്ത് ജോൺ, ഡെയ്‌സി ദമ്പതികളുടെ മകൾ ഡോ.ഹിമ ജോൺ അർഹയായി. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നാം റാങ്കോടെ ബിടെക് അഗ്രികൾച്ചർ എഞ്ചിനിയറിങ് ബിരുദവും, ബാംഗ്ലൂർ ജികെവികെ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോട് കൂടി (സ്വർണ മെഡൽ) എംടെകും, ഇന്ത്യൻ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയ ഹിമ അഗ്രികൾച്ചറൽ റിസർച്ച് സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ രണ്ടാം റാങ്കോട് കൂടി കേന്ദ്രസർക്കാർ ജോലിയിൽ പ്രവേശിച്ചു.
2020 – 25 കാലയളവിൽ ഹരിയാനയിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായിട്ടായിരുന്നു ആദ്യനിയമനം. 2025 മുതൽ കാസർഗോഡ് സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. ഫുഡ് പ്രോസസ്സിങ്ങും, അഗ്രികൾച്ചറൽ വാല്യു അഡീഷനും ആണ് പ്രധാന ഗവേഷണ മേഖല. കാർഷിക- സാമൂഹിക വിഷയങ്ങളിൽ വിവിധ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. കേരള ഗവൺമെന്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ചക്കിട്ടപാറ കൂനംതടത്തിൽ സുബിൻ മാത്യു ആണ് ജീവിതപങ്കാളി. മാത്യു ജോസഫ്, രാഹേൽ മരിയ ജോസഫ് എന്നിവരാണ് മക്കൾ. മാർച്ച് 15 ഞായറാഴ്ച കൂരാച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.
