സംസ്ഥാനത്തെ ജയിലുകളിലെ തടവുകാർക്ക് ഇനി മുതൽ ആഴ്ചയിൽ രണ്ടുദിവസം മത്സ്യവിഭവങ്ങൾ ലഭിക്കും

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാർക്ക് ഇനി മുതൽ ആഴ്ചയിൽ രണ്ടുദിവസം മത്സ്യവിഭവങ്ങൾ ലഭിക്കും. ഏപ്രിൽ ഒന്ന് മുതൽ 57 ജയിലുകളിലേക്കും ആവശ്യമായ മത്സ്യം നേരിട്ട് എത്തിക്കുന്നതിനായി ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിൽ ധാരണയായി. മത്തി, അയല, ചൂര എന്നിവയാണ് തടവുകാരുടെ മെനുവിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സ്യഫെഡ് നൽകിയ 25 ഇനം മത്സ്യങ്ങളുടെ പട്ടികയിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. നിലവിൽ ചില സമയങ്ങളിൽ അനുഭവപ്പെടുന്ന മത്സ്യലഭ്യതക്കുറവ് പരിഹരിക്കാനും ഹാർബറുകളിൽ നിന്ന് നേരിട്ട് ഗുണനിലവാരമുള്ള മീൻ ജയിലുകളിൽ എത്തിക്കാനും ഈ പുതിയ കരാറിലൂടെ സാധിക്കും.

മത്സ്യങ്ങൾ കറിക്കഷണങ്ങളാക്കി വൃത്തിയാക്കിയ നിലയിലായിരിക്കും ജയിലുകളിൽ എത്തിക്കുക. വിതരണത്തിനായി മത്സ്യഫെഡ് പുതുതായി വാങ്ങിയ എട്ട് ശീതീകരണ വാഹനങ്ങൾ ഉപയോഗപ്പെടുത്തും. ജയിലുകളിലേക്ക് മത്സ്യം എത്തിക്കുന്നതിന് പുറമെ, ജയിൽ കൗണ്ടറുകൾ വഴി പൊതുജനങ്ങൾക്ക് വാങ്ങാനായി മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് ലഭ്യമാക്കും. ഈ പുതിയ പദ്ധതിയിലൂടെ തടവുകാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം മത്സ്യഫെഡിന്റെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് എം.ഡി ഡോ. പി. സഹദേവൻ അറിയിച്ചു.

Leave a Reply

Your email address will not be published.