നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി രൂക്ഷം

 

കോഴിക്കോട്: വേതനവർധന ആവശ്യപ്പെട്ട് നഴ്‌സുമാർ കൂട്ടമായി സമരത്തിലിറങ്ങിയതിനെ തുടർന്ന് കോഴിക്കോട് നഗരത്തിലെ നിരവധി സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലായി. പൊള്ളലേറ്റതും കൈയറ്റതുമായ രോഗികൾക്കുപോലും കിടത്തിച്ചികിത്സ നൽകാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

മിംസ്, ബേബി, മെയ്ത്ര, ഇഖ്റ എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ ആശുപത്രികളിലാണ് സമരം ശക്തമായി തുടരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സമരം തുടരുന്നുണ്ടെങ്കിലും ശനിയാഴ്ച പകൽ മുതൽ സ്ഥിതി കൂടുതൽ ഗുരുതരമായി.

 

അത്യാഹിതചികിത്സ ആവശ്യമില്ലാത്ത രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മടക്കിയയക്കുകയാണ് ഇപ്പോൾ. ഐ.സി.യു.വിൽ വെന്റിലേറ്റർ സഹായം ആവശ്യമില്ലാത്ത രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റാൻ സമ്മർദമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും പല ആശുപത്രികളും താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

 

പ്രസവം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പല ശസ്ത്രക്രിയകളും മറ്റു ആശുപത്രികളിലേക്ക് മാറ്റേണ്ട അവസ്ഥയാണെന്നും ആശുപത്രി അധികൃതർ പറയുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഒ.പി. രോഗികളുടെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായതായി ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ ചെയർമാൻ അറിയിച്ചു.

 

സർക്കാർ നിശ്ചയിച്ച വേതനം നൽകാൻ ആശുപത്രി തയ്യാറാണെങ്കിലും അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തിൽ നഴ്‌സുമാരുടെ സംഘടന ഉറച്ചുനിൽക്കുന്നുവെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ പറയുന്നു. ഈ ആവശ്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.