ബദർ യുദ്ധത്തിന്റെ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസി ലോകം ഇന്ന് ബദർ ദിനം ആചരിക്കുന്നു

ചരിത്രപ്രസിദ്ധമായ ബദർ യുദ്ധത്തിന്റെ സ്മരണ പുതുക്കി ഇസ്ലാംമത വിശ്വാസി ലോകം ഇന്ന് ബദർ ദിനം ആചരിക്കുന്നു. ഹിജ്റ രണ്ടാം വർഷം റമസാൻ 17-നാണ് ഇസ്‌ലാമിക ചരിത്രത്തിലെ നിർണ്ണായകമായ ഈ പോരാട്ടം നടന്നത്. അല്പം പോലും യുദ്ധസജ്ജരല്ലാതിരുന്ന ഒരു ചെറിയ സംഘം വിശ്വാസികൾ, തങ്ങളെക്കാൾ മൂന്നിരട്ടിയിലധികം വരുന്ന ശത്രുപ്പടയെ വിശ്വാസക്കരുത്ത് കൊണ്ട് പരാജയപ്പെടുത്തിയതാണ് ബദറിന്റെ സന്ദേശം.

മദീനക്കടുത്തുള്ള ബദറിൽ നടന്ന ചരിത്രപരമായ ബദർ യുദ്ധത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനമാണ് ബദർ ദിനം. സത്യവും അസത്യവും തമ്മിലുള്ള ആദ്യത്തെ നിർണ്ണായക പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന ഈ യുദ്ധത്തിൽ, പ്രവാചകൻ മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ 313 പേരടങ്ങുന്ന ചെറിയ മുസ്‌ലിം സംഘം അബൂജഹലിന്റെ നേതൃത്വത്തിലുള്ള വലിയ ഖുറൈശി സൈന്യത്തെ പരാജയപ്പെടുത്തി.

ബദർ ദിനം കേവലം ഒരു ചരിത്ര സ്മരണ മാത്രമല്ല, മറിച്ച് ആത്മീയമായ ഉണർവിനുള്ള അവസരം കൂടിയാണ്. ബദ് രീങ്ങളുടെ തവസ്സുൽ (അവരിലൂടെ അല്ലാഹുവിനോട് ഇരക്കൽ) ചെയ്ത് പ്രാർത്ഥിക്കുന്നത് വിശ്വാസികൾക്ക് ഏറെ പുണ്യകരമായ കാര്യമാണ്. മഹാൻമാരായ ബദ് രീങ്ങളുടെ മദ് ഹ് പറയുന്ന ബദർ മൗലീദ് പാരായണം ചെയ്യാനും അവരുടെ നാമങ്ങൾ ഉച്ചരിക്കാനും വിശ്വാസികൾ ഈ ദിനത്തെ ഉപയോഗപ്പെടുത്തുന്നു. പ്രതിസന്ധികളിൽ തളരാതെ അല്ലാഹുവിൽ ഭരമേല്പിക്കാനും സത്യത്തിന് വേണ്ടി നിലകൊള്ളാനുമുള്ള വലിയ പാഠമാണ് ഓരോ ബദർ ദിനവും വിശ്വാസികൾക്ക് നൽകുന്നത്.

Leave a Reply

Your email address will not be published.