കേരളത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി കർശന നടപടികളുമായി ഗതാഗത വകുപ്പ്

കേരളത്തിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി കർശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ നിർദേശം നൽകി. അടുത്തിടെ സ്വകാര്യ ബസുകൾ ഉൾപ്പെട്ട അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചത്.

മത്സരയോട്ടം തടയുന്നതിനായി പ്രത്യേക പരിശോധനകൾ നടത്താൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.  അമിതവേഗതയും അശ്രദ്ധവുമായ ഡ്രൈവിംഗും കണ്ടെത്തിയാൽ ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. കുറ്റം ആവർത്തിച്ചാൽ വാഹനത്തിന്റെ പെർമിറ്റ് തന്നെ റദ്ദാക്കുന്ന രീതിയിലുള്ള കടുത്ത നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്. ബസ് ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പരിശോധനാ വേളയിൽ ഇത് ഹാജരാക്കണം. ബസുകളിലെ ക്യാമറ, ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ഇവ പ്രവർത്തിക്കുന്നില്ലെങ്കിൽ കനത്ത പിഴയും നടപടിയും ഉണ്ടാകും. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം റോഡുകളിൽ ഉറപ്പാക്കും. ‌

നേരത്തെ മത്സരയോട്ടം തടയാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്താനായി തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പിലാക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളിലൂടെ സ്വകാര്യ ബസ് ജീവനക്കാരെയും ഉടമകളെയും നിയന്ത്രിക്കാനായി സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.