ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്ത് മുഖ്യമന്ത്രി
കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നിറഞ്ഞ പ്രതീക്ഷയോടെയാണ് തുരങ്കപാത പ്രവര്‍ത്തനത്തിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ തുടക്കമായ മറിപ്പുഴയിലാണ് ആദ്യത്തെ ബ്ലാസ്റ്റ് നടന്നത്. സ്റ്റേജ് 2 ക്ലിയറന്‍സ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചിരിക്കുന്നത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചു.
കേരളത്തിന്റെ സമസ്ത മേഖലകളിലും തുരങ്കപാത സ്വാധീനം ചെലുത്തുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും നേരെയുള്ള ബ്ലാസ്റ്റാണ് നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു. പൊതുജനങ്ങള്‍ക്കായി മുത്തപ്പന്‍പുഴ എല്‍ പി സ്‌കൂളില്‍ തത്സമയ സംപ്രേഷണവും ഒരുക്കിയിരുന്നു. പരിപാടിയില്‍ വനം-വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ലിന്റോ ജോസഫ് എം.എല്‍.എ, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, കിഫ്ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയല്‍, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.
