കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. നിലവിലെ വിസി ഡോ. കെ.കെ. ഗീതാകുമാരിയെ നീക്കം ചെയ്തുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. സിസാ തോമസിന് അധിക ചുമതല കൂടി നൽകുകയായിരുന്നു.
ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ്എ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടാണ് വിസിയുടെ പുറത്താക്കലിൽ കലാശിച്ചത്. 2005-ൽ ബിഎഫ്എ പരീക്ഷ പാസാകാതെ പഠനം അവസാനിപ്പിച്ച വിദ്യാർത്ഥിക്ക് 2021-ൽ നിയമവിരുദ്ധമായി എംഎഫ്എ പ്രവേശനം നൽകയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ വിശദീകരണം തേടുകയും ഫയലുകൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തെങ്കിലും വിസി അതിന് തയ്യാറായില്ല. തോറ്റ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണറുടെ ഉത്തരവും വിസി അവഗണിച്ചതോടെയാണ് ഗവർണർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
സർവകലാശാല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമാണെന്ന് സിസ തോമസ് പറഞ്ഞു. സാമ്പത്തിക വിഷയങ്ങളിൽ ഉടൻ ഇടപെടും. നാളെ സർവകലാശാലയിലെത്തുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായി ചർച്ച നടത്തും.
