താമരശ്ശേരിയിൽ ജില്ലാ മോഡൽ ഓട്ടിസം കോംപ്ലക്സ്: നിർമാണത്തിന് ഭരണാനുമതി

സമഗ്ര ശിക്ഷാ കേരളത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മോഡൽ ഓട്ടിസം കോംപ്ലക്സിന്റെ നിർമാണത്തിന് ഭരണാനുമതി ലഭിച്ചതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട‌് കോഓഡിനേറ്റർ ഡോ. എ കെ അബ്‌ദുൽ ഹക്കീം അറിയിച്ചു. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിലാണ് 2.70 കോടി രൂപ ചെലവിൽ പുതിയ ഓട്ടിസം കോംപ്ലക്‌സ് ആരംഭിക്കുക.

ഓട്ടിസവും വിവിധ വളർച്ചാ പ്രശ്നങ്ങളും നേരിടുന്ന കുട്ടികളുടെ വികാസം ഉറപ്പുവരുത്തുന്നതിനുള്ള ചികിത്സയും വിദ്യാഭ്യാസവും സാധ്യമാക്കുക എന്നതാണ് ഓട്ടിസം കോംപ്ലക്സിലൂടെ ലക്ഷ്യമിടുന്നത്. ചെറിയ പ്രായത്തിൽ തന്നെയുള്ള ഇടപെടലുകളിലൂടെ കുട്ടികളുടെ സർവ്വതോന്മുഖ വളർച്ച ലക്ഷ്യമാക്കിയുള്ള തെറാപ്പികൾ ലഭ്യമാക്കും. ഓട്ടിസം സ്പെക്ട്രം ഡിസോർഡറിൽ വൈദഗ്‌ധ്യം നേടിയ അധ്യാപകർ, സപീച്ച്- ഫിസിയോ-ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകൾ, ആയമാർ എന്നിവർ സെന്ററിലുണ്ടാകും.

ജില്ലയിൽ നിലവിലുള്ള 16 ഓട്ടിസം സെന്ററുകളിലും ഇത്തരം സേവനങ്ങൾ നൽകി വരുന്നുണ്ടെങ്കിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓട്ടിസം കോംപ്ലസ്‌കുകൾ ഒരോ ജില്ലയിലും നിർമിക്കണമെന്ന സർക്കാർ തിരുമാനത്തിന്റെ ഭാഗമായാണ് താമരശ്ശേരിയിൽ പുതിയ ഓട്ടിസം കോംപ്ലക്സ് നിർമിക്കുന്നത്. ഇതിന് പുറമെ കുന്ദമംഗലം, മാവൂർ, പേരാമ്പ്ര, ബാലുശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ ബ്ലോക്ക് റിസോഴ്സ‌് സെന്ററുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 77.8 ലക്ഷം രൂപ വീതവും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.