കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് 12 പുതിയ ഫയർ സ്റ്റേഷനുകൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മാവൂരിൽ പുതുതായി ആരംഭിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
അത്യാധുനിക സൗകര്യങ്ങളോടെ ദുരന്തലഘൂകരണ സേനയെ പരിഷ്കരിക്കാൻ സർക്കാറിനായി. 2018ലെ പ്രളയത്തിനുശേഷം നിരവധി മാറ്റങ്ങളാണ് അഗ്നിരക്ഷാ വകുപ്പിൽ ഉണ്ടായത്. ഏതുതരത്തിലുള്ള അത്യാഹിതങ്ങളെയും നേരിടാൻ സേന പര്യാപ്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ഫയർ സ്റ്റേഷൻ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 18 പുതിയ തസ്തികകൾ സൃഷ്ടിക്കുകയും മൂന്ന് വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ഫയർ സ്റ്റേഷനിൽ സജീകരിക്കുകയും ചെയ്തിട്ടുണ്ട്.
മാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ അഡ്വ. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗ്രവാൾ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ നദീർ, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ആരിഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വളപ്പിൽ റസാഖ്, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി കൃഷ്ണൻ, റീജണൽ ഫയർ ഓഫീസർ ടി റജീഷ് തുടങ്ങിയവർ പങ്കെടുത്തു.
