തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷകൾ അഭിമുഖീകരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലായി 386 പേരുമടങ്ങി ആകെ 4,18,516 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏകദേശം 26,000 അധ്യാപകരെ നിയമിച്ച് മൂല്യനിർണയം ഏപ്രിൽ 7ന് ആരംഭിച്ച് 28ന് പൂർത്തിയാക്കും. മേയ് 8നാണ് ഫലപ്രഖ്യാപനം.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും നാളെ തുടങ്ങും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 4,37,854 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മറ്റന്നാൾ ആരംഭിക്കും. 4,79,263 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് ഹാജരാകുന്നത്. 1977 കേന്ദ്രങ്ങളിലാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുക. ഇൻവിജിലേറ്റർമാരായി ഏകദേശം 29,000 അധ്യാപകരെ നിയോഗിക്കും. 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിച്ച് മേയ് 22ന് ഫലം പ്രഖ്യാപിക്കും.
അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് ഗൾഫ് മേഖലകളിലെ പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
