ദുബായ്: ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമഗതാഗത തടസ്സങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി യുഎഇ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. യുഎഇ സിവിൽ ഏവിയേഷൻ അധികൃതരാണ് ഭാഗിക സർവീസ് പുനരാരംഭിക്കുന്നതായി സ്ഥിരീകരിച്ചത്.
എമിറേറ്റ്സ് എയർലൈൻസ് ഉൾപ്പെടെ യുഎഇയിലെ വിമാനക്കമ്പനികൾ ഘട്ടംഘട്ടമായി സർവീസുകൾ ആരംഭിക്കും. നിലവിൽ ബുക്കിംഗ് ഉള്ള യാത്രക്കാരും അധികൃതരുടെ നിർദേശം ലഭിച്ചവർക്കും മാത്രമായിരിക്കും യാത്ര ചെയ്യാൻ അനുമതി.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അൽ മക്തൂം വിമാനത്താവളവും ഭാഗികമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള വ്യോമഗതാഗതം താറുമാറായിരുന്നു. സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ വിമാന സർവീസുകൾ വ്യാപകമായി ബാധിച്ചിരുന്നു. ദുബായ്, അബൂദാബി, ദോഹ, ഷാർജ, കുവൈത്ത്, ബഹ്റൈൻ, അൽ മക്തൂം തുടങ്ങിയ വിമാനത്താവളങ്ങളിലെ സർവീസുകൾ നിശ്ചലമായിരുന്നു.
ഇത്തരത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുഎഇ പ്രത്യേക സർവീസുകൾ ആരംഭിച്ച് യാത്രക്കാർക്ക് ആശ്വാസം നൽകുന്നത്.
