വേനല്‍ കനത്തതോടെ നടേരി, മുത്താമ്പി മേഖലയില്‍ കുടിവെളള ക്ഷാമം രൂക്ഷമാകുന്നു. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വടാപ്പുറം കുനി, തെയ്യപ്പുറത്ത്, അണേല പുതുക്കുടി, ആഴാവില്‍ താഴ, മീവര്‍ കണ്ടി, നീലിവിട്ടില്ത്താഴ എന്നിവിടങ്ങളില്‍ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വാര്‍ഡ് കൗണ്‍സിലര്‍ റാഷിദ് മുത്താമ്പിയുടെ നേതൃത്വത്തില്‍ കുടിവെളള വിതരണം ചെയ്തു. ശ്രീധരന് നായര്‍ പുഷ്പശ്രീ, വിജയലക്ഷ്മി,രവി കൊല്ലോറക്കല്‍, ബാലന് കിടവ്, ബാബു പുതിയേട്ടന്,റാഫി അറഫ എന്നിവര്‍ നേതൃത്വം നല്കി.
കനാല്‍ ജലവിതരണം തുടങ്ങാത്തതിനാല്‍ കൊയിലാണ്ടി നഗരസഭയിലെ വിവിധ ഭാഗങ്ങളിലും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പല പ്രദേശങ്ങളിലും കിണറുകള്‍ വറ്റി വരണ്ടു. കുന്നിന് മുകളില്‍ താമസിക്കുന്നവര്‍ക്കും തീര മേഖലയില്‍ താമസിക്കുന്നവരും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. കനാല്‍ വെള്ളം എത്തിയെങ്കില്‍ മാത്രമേ കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും നിറയുകയുള്ളൂ. മാര്‍ച്ച് മാസമായിട്ടും കൊയിലാണ്ടി നഗരസഭാ പരിധിയിലേക്ക് ഇതുവരെ വെള്ളം എത്തിയിട്ടില്ല. കനാല്‍ വെള്ളത്തെ പ്രതീക്ഷിച്ചു പച്ചക്കറി കൃഷിയും വാഴകൃഷിയും നടത്തിയവര്‍ പ്രയാസത്തിലാണ്. എല്ലായിടത്തും കനാല്‍ വെള്ളമാണ് നാട്ടുകാരുടെ ദാഹം അകറ്റുന്നത്. കനാലുകളില്‍ വെള്ളം എത്തുന്നതോടെ കുളങ്ങളും ജലാശയങ്ങളും നിറഞ്ഞു കവിയും. അതോടെ വീട്ടുപറമ്പിലെ കിണറുകളിലും യഥേഷ്ടം വെള്ളമുയരും. ഇത്തവണ കനാല്‍ ജല വിതരണം വൈകിയത് കടുത്ത പ്രതിസന്ധിയാണ് തീര്‍ക്കുന്നത്.
