അയൽവാസിയായ വീട്ടമ്മയെ യുവാവ് കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര അറക്കൽ മാളിയേക്കൽ സ്വദേശി പറമ്പിൽ പുഷ്പ(73)യെയാണ് അയൽവാസിയായ ശ്രീജിത്ത് (43) കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ശ്രീജിത്ത് തന്നെ നിരന്തരം അസഭ്യം വിളിക്കുന്നത് പുഷ്പ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.
തലയിൽ വെട്ട് കൊണ്ട് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൂടാതെ കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റ ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇയാളെ ഇവിടെ വെച്ച് തന്നെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് വധശ്രമക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
