നടേരി: പ്രസിദ്ധമായ ശ്രീ മുതുവോട്ട് ക്ഷേത്രോത്സവം മാർച്ച് 3ന് രാവിലെ കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമത്തോടെ കൊടിയേറും.
പ്രധാന ഉത്സവദിനം മാർച്ച് 9നാണ്. മാർച്ച് 9 വരെ വിശേഷാൽ പൂജകൾ, നട്ടത്തിറകൾ എന്നിവ ഉൾപ്പെടെ വിവിധ ചടങ്ങുകൾ നടക്കും. മാർച്ച് 8ന് വൈകിട്ട് വെളിയണ്ണൂർ സത്യൻ മാരാരുടെ നേതൃത്വത്തിൽ ചെണ്ട അഭ്യസിച്ചവരുടെ പാഞ്ചാരിമേളവും അരങ്ങേറും.
മാർച്ച് 9ന് രാവിലെ വിശേഷാൽ പൂജകളും പള്ളിയുണർത്തലും നടക്കും. ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടായിരിക്കും. വൈകിട്ട് 4 മണി മുതൽ ഇളനീർ കുലവരവ് നടക്കും. തുടർന്ന് അയ്യപ്പൻകാവ് ക്ഷേത്രത്തിൽ നിന്നുള്ള ക്ഷേത്രകലകളായ പരിച്ചമുട്ടുകളി, മലയർ കളി എന്നിവ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയോടെ എത്തിച്ചേരും.
തുടർന്ന് മാറപ്പുലി, കരിയാത്തൻ, കണ്ണിക്കകരുമകൻ എന്നീ ദേവതകളുടെ വെള്ളാട്ട്, വെള്ളകെട്ട്, തിറകൾ, കരിമരുന്ന് പ്രയോഗം എന്നിവ പ്രധാന ചടങ്ങുകളായി നടക്കും.
മാർച്ച് 10ന് രാവിലെ ഉത്സവം സമാപിക്കും.
