ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ പാലക്കാട് വെച്ച് നടക്കും

പാലക്കാട്: ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സമ്മേളനം ഇന്ന് പാലക്കാട് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മുൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല രാവിലെ 10ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ബെവ്‌കോയിൽ ജോലി ചെയ്യുന്നവർ നേരിടുന്ന തൊഴിലാളിദ്രോഹ നടപടികൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ. ജേക്കബ്ബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാക്കികൊടുക്കുന്ന ബീവറേജസ് കോർപ്പറേഷൻ ഇപ്പോൾ 300 കോടി രൂപയുടെ നഷ്ടത്തിലാണ്. സർക്കാരിന്റെ കഴുത്തറപ്പൻ നികുതികൾക്ക് പുറമെ ഗാലനേജ് ഉൾപ്പടെയുള്ള അധിക നികുതി ഭാരം ചുമത്തിയാണ് സർക്കാർ കോർപ്പറേഷനെ നഷ്ടത്തിലേക്ക് തള്ളിവിടുന്നത്. പതിനൊന്നാം ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത, കുടിശ്ശിക വിതരണം, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തുടങ്ങിയവയിലൊന്നും സർക്കാർ ഇടപെടുന്നില്ല. വിരമിച്ച ജീവനക്കാർക്ക് പകരം നിയമനം നടത്താതെ ജീവനക്കാരെ അമിത ജോലിഭാരത്താൽ വീർപ്പുമുട്ടിക്കുകയാണെന്നും ജേക്കബ് കുറ്റപ്പെടുത്തി. അധികജോലിയ്ക്ക് നൽകി വന്നിരുന്ന വേതനം കുറയ്ക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. സമസ്തമേഖലയിലും എന്ന പോലെ കോർപ്പറേഷനിലും തൊഴിലാളിദ്രോഹ നടപടികളാണ് കൈക്കൊള്ളുന്നതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഉദ്ഘാടന സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാവും. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ചിറ്റൂർ-തത്തമംഗലം നഗരസഭാ ചെയർപേഴ്‌സൺ സുമേഷ് അച്യുതൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സംഘടനാ ചർച്ച നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഏ ജേക്കബ് വൈസ് പ്രസിഡന്റ് എം.സി. സജീവൻ, ഓർഗ്ഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് ആൻറ്റണി ജോസ് ജില്ലാ പ്രസിഡന്റ് തൃപ്പാളൂർ ശശി, നേതാക്കളായ, എസ്. സൂര്യപ്രകാശ്, ഹക്കിം, കെ. മോഹനൻ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.