വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഷാഫി പറമ്പിൽ എം.പി. നടത്തിയ നിരന്തര ഇടപെടലുകൾ നിർണ്ണായക ഘട്ടത്തിലേക്ക്. ദീർഘകാലമായി പൊതുജനങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ആയനിക്കാട്, വടകര ഫയർ സ്റ്റേഷൻ ജംഗ്ഷൻ, കുഞ്ഞിപ്പള്ളി എന്നീ സ്ഥലങ്ങളിൽ യാത്ര സൗകര്യത്തിനായി അണ്ടർപാസുകൾ നിർമ്മിക്കാനുള്ള സാധ്യത തെളിഞ്ഞു വരികയാണ്. ഇതോടൊപ്പം വടകര ടൗണിൽ മണ്ണിട്ടുയർത്തുന്ന ആർ.ഇ. വാളുകൾ പരമാവധി ഒഴിവാക്കണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായി ടൗൺ പരിധിയിൽ ഉയരപ്പാത നിർമ്മിക്കാനുള്ള കാര്യവും സജീവ പരിഗണനയിലാണ്.
കഴിഞ്ഞ മാസം ഷാഫി പറമ്പിൽ എം.പി.യും, എൻ.എച്ച്.എ.ഐ. (NHAI) ഉന്നത ഉദ്യോഗസ്ഥരും, ദേശീയപാതയുടെ അഴിയൂർ – വെങ്ങളം റീച്ചിൽ നേരിട്ട് സന്ദർശനം നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഈ സന്ദർശന വേളയിൽ എം.പി. മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും, തുടർന്ന് നടത്തിയ ചർച്ചകളും അടിസ്ഥാനമാക്കി എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർമ്മാണത്തിലെ പുതിയ ഭേദഗതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻ.എച്ച്.എ.ഐ. ഉന്നതതലത്തിൽ അംഗീകരിച്ച ഈ നിർദ്ദേശങ്ങൾക്ക് മന്ത്രിതലത്തിലുള്ള അനുമതി ലഭിച്ചാലുടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതോടൊപ്പം കേളു ബസാറിലെ യാത്രാ സൗകര്യത്തിനായുള്ള അണ്ടർപാസ് നിർമ്മാണം സംബന്ധിച്ച നിർദ്ദേശം സാമ്പത്തിക വശങ്ങൾ കൂടി പരിശോധിച്ച് പരിഗണിക്കുമെന്ന് എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. കാൽനട യാത്രക്കാർ വലിയ തോതിൽ ദേശീയപാത മുറിച്ചുകടക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന കേന്ദ്രങ്ങളിൽ ഫുട് ഓവർബ്രിഡ്ജുകൾ നിർമ്മിക്കാനുള്ള നിർദ്ദേശവും നിലവിൽ സജീവ പരിഗണനയിലുണ്ട്. ജനങ്ങളുടെ സുരക്ഷിതമായ യാത്രയും പ്രദേശത്തിന്റെ വികസനവും മുൻനിർത്തി ഷാഫി പറമ്പിൽ എം.പി. നടത്തിയ ക്രിയാത്മകമായ ഇടപെടലുകളാണ് ഇപ്പോൾ ദേശീയപാത നിർമ്മാണത്തിലെ ഈ വലിയ മാറ്റങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.
