20 ശതമാനം വരെ എഥനോള്‍ അടങ്ങിയതും എഞ്ചിന്റെ കേടുപാട് കുറയ്ക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്ക്കാന് പാടുള്ളൂവെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് സ്പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്ക്കാന് പാടുള്ളൂ. മിനിമം റിസര്‍ച്ച് ഒക്ടെയ്ന് നമ്പര്‍ 95 മാനദണ്ഡം പെട്രോളിന് ഉണ്ടായിരിക്കണമെന്നും എണ്ണ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍ വായുമലിനീകരണം കുറവാണ്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതുമാണ്.
എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടിയാണ് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.
