കുട്ടിച്ചാത്തനായി റിട്ട.സുബേദാര്‍ മേജര്‍ ഇ.പി.പ്രബീഷന്‍

സൈന്യത്തിലെ 30 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ റിട്ട സുബേദാര്‍ മേജര്‍ ഇ.പി.പ്രബീഷന്‍ ഇപ്പോള്‍ നിറഞ്ഞാടുന്നത് അമ്പലമുറ്റത്തും ക്ഷേത്രകാവുകളിലും. കുട്ടിച്ചാത്തന്‍ തിറയും,കണ്ണിക്കന്‍ കരുമകന്‍ തിറയും,പ്രബീഷന്റെ കൈകളിലും ചുവടുകളിലും
ഭദ്രം. നടേരി കോലാറമ്പത്ത് ദേവീ ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന ഉത്സവത്തോടനുബന്ധിച്ച് കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടിയത് പ്രബീഷനാണ്. രണ്ടാഴ്ച മുമ്പ് കാവുംവട്ടം പറേച്ചാല്‍ ദേവീ ക്ഷേത്രത്തില്‍ കണ്ണിക്കന്‍ കരുമകന്‍ തിറയും പ്രബീഷന്‍ കെട്ടിയാടി.
നടേരി എടച്ചം പുറത്ത് പ്രമുഖ തെയ്യം കലാകാരനായ പരേതനായ ബാലന്റെ മകനാണ് പ്രബീഷന്‍. ബാലനായിരുന്നു കോലാറമ്പത്ത് ദേവീ ക്ഷേത്രത്തില്‍ സ്ഥിരമായി കുട്ടിച്ചാത്തന്‍ വേഷം കെട്ടിയിരുന്നത്. ബാലന്റെ മരണ ശേഷം മക്കളായ പ്രജീഷും,പ്രബീഷും അടുത്ത ബന്ധുക്കളായ ശ്രീനിഷും നിധിഷും കുട്ടിച്ചാത്തന്റെ കോലം കെട്ടി. പട്ടാളത്തില്‍ ചേരുന്നതിന് മുമ്പ് വാഴേക്കണ്ടി,മുതുവോട്ട്,പയറ്റു വളപ്പില്‍,ചേലിയ എന്നി ക്ഷേത്രങ്ങളിലെല്ലാം പ്രബീഷന്‍ തിറ കെട്ടുമായിരുന്നു. സൈന്യത്തിലുളളപ്പോള്‍ അവധിയ്ക്ക് നാട്ടിലെത്തുമ്പോഴും തെയ്യകോലങ്ങള്‍ കെട്ടി.
ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് ബംഗാളിലെ ആര്‍മി സിഗ്നല്‍സ് വിഭാഗത്തില്‍ നിന്ന് പ്രബീഷന്‍ വിരമിച്ചത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലും,കാശ്മീര്‍ സിയാച്ചിനിലുമടക്കം ജോലി ചെയ്തിട്ടുണ്ട്. സഹോദരന്‍ പ്രജിഷ് അറിയപ്പെടുന്ന തിറയാട്ട-തോറ്റം കലാകാരനാണ്. മകന്‍ എട്ടാം ക്ലാസ് വിദ്യാര്‍തഥി ഗോകുല്‍ പി ബാലും തിറയാട്ടം അഭ്യസിക്കുന്നുണ്ട്. ഷൈനിയാണ് ഭാര്യ.

Leave a Reply

Your email address will not be published.