വലിയങ്ങാടി കെട്ടിട അപകടത്തിൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: വലിയങ്ങാടിയിൽ പഴയ പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് നാലുപേർ മരിച്ച സംഭവത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. “ഉപ്പ് തിന്നവർ വെള്ളം കുടിക്കണം” എന്ന കടുത്ത മുന്നറിയിപ്പോടെയാണ് മന്ത്രി പ്രതികരിച്ചത്. കുറ്റം ചെയ്തവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അവരെ ആക്ഷേപിക്കില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം ദുരന്തസമയങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെട്ടിടവുമായി ബന്ധപ്പെട്ട മുൻ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലയെന്ന് മന്ത്രി ചോദിച്ചു. നിലവിൽ അപകടാവസ്ഥയിലുള്ള എല്ലാ കെട്ടിടങ്ങളും അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഏകോപിതമായ നടപടി അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വലിയങ്ങാടിയിൽ പൊളിച്ചു മാറ്റാൻ തീരുമാനിച്ചിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപകടം സംഭവിച്ചത്. കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സൺഷേഡ് തകർന്നുവീഴുകയായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഉണ്ടായ അപകടത്തിൽ നാലുപേർക്ക് ജീവൻ നഷ്ടമായി.

സംഭവത്തെ തുടർന്ന് കോർപ്പറേഷനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.