കശുമാങ്ങയിൽ നിന്ന് മദ്യം, മട്ടന്നൂരിൽ കെ-ഫെനി ഉത്പാദന കേന്ദ്രം; ശിലാസ്ഥാപനം 26-ന്

മട്ടന്നൂർ: മട്ടന്നൂരിൽ കെ-ഫെനി ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നു. കോളാരി സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന പദ്ധതിക്കാണ് തുടക്കമാകുന്നത്. കർഷകരിൽനിന്ന് കിലോയ്ക്ക് 10 രൂപ നിരക്കിൽ കശുമാങ്ങ ശേഖരിച്ചാകും ഫെനി ഉത്പാദനം. ഉത്പാദനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം 26-ന് മട്ടന്നൂർ പരിയാരത്ത് നടക്കുമെന്ന് ബാങ്ക് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കശുമാങ്ങയും മറ്റ് പഴവർഗങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാൻ സംസ്ഥാനത്ത് തെരഞ്ഞെടുത്ത 13 സഹകരണ സ്ഥാപനങ്ങളിൽ കോളാരി ബാങ്കും ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായാണ് ‘കെ-ഫെനി’ എന്ന പേരിൽ ഉൽപ്പന്നം പുറത്തിറക്കുന്നത്.പദ്ധതിക്കായി ഇതിനകം വാങ്ങിയ സ്ഥലത്ത് നിർമാണം പൂർത്തിയായതിന് ശേഷം കശുമാവ് കൃഷിയും ആരംഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.

30 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള മദ്യം നിർമ്മിക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ബിയറിന് സമാനമായ വീര്യമുള്ള ഫെനിയോടൊപ്പം 30 ശതമാനം വീര്യമുള്ള ഫെനിയും ഉത്പാദിപ്പിക്കും.

കശുമാങ്ങ സീസണിന് പുറത്തുള്ള സമയങ്ങളിൽ അനുവദനീയമായ മറ്റ് പഴവർഗങ്ങളിൽനിന്നും ഫെനി നിർമ്മിക്കാനാണ് ലക്ഷ്യം. നിർമിക്കുന്ന ഫെനി കൺസ്യൂമർഫെഡ് വഴി ശേഖരിച്ച് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തും.

Leave a Reply

Your email address will not be published.