ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി

/

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി. വന നിയമം 1980 പ്രകാരം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കാൻ ഇതോടെ അനുമതിയായി.

പദ്ധതിയുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപയോഗിച്ച വനഭൂമിയുടെ അതിർത്തി പദ്ധതി ചെലവിൽ ഉൾപ്പെടുത്തി അടയാളപ്പെടുത്തണം, തുല്യ വിസ്തൃതിയിലുള്ള വനേതര ഭൂമിയിൽ പകരം വനവത്കരണം നടത്തണം, ഇവിടെ രണ്ടു വർഷത്തിനകം ഹെക്ടറിന് കുറഞ്ഞത് 1000 വൃക്ഷത്തൈകൾ നട്ടുവളർത്തണം, മരം വെട്ടുന്നത് പരമാവധി കുറക്കുകയും വന്യജീവി സംരക്ഷണ നടപടികൾ കർശനമായി പാലിക്കുകയും വേണം, വനഭൂമിയിൽ ലേബർ ക്യാമ്പുകൾ സ്ഥാപിക്കരുത്, നിർമാണ വസ്തുക്കൾ കൊണ്ടുപോകാൻ വനത്തിനുള്ളിൽ പുതിയ പാത നിർമിക്കരുത്, പദ്ധതി നിർദേശത്തിലില്ലാത്ത ഒരാവശ്യത്തിനും വനഭൂമി ഉപയോഗിക്കരുത് തുടങ്ങിയ 24 നിബന്ധനകളാണ് ഉത്തരവിലുള്ളത്. ഇതോടൊപ്പം പാരിസ്ഥിതികാനുമതിയിലെ എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പദ്ധതി പ്രവൃത്തികൾ നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്.

വയനാട്- കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 8.73 കിലോമീറ്റർ തുരങ്കപാത കേരളത്തിലെ ഏറ്റവും വലിയ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികളിൽ ഒന്നാണ്. തുരങ്ക പാതയുടെ പ്രവൃത്തി ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. നാല് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. 2134. 5 കോടി രൂപയാണ് പദ്ധതി ചെലവ്.

Leave a Reply

Your email address will not be published.