കൊയിലാണ്ടി കൾച്ചറൽ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ‘IDOK 2050’ ഹാക്കത്തോൺ സെമിനാറിന്റെ മുന്നോടിയായി ആശയാവതരണ ശിൽപ്പശാല നടന്നു. അനുഭവസമ്പന്നരായ പ്രഫഷനലുകൾ, ടെക്നോളജിയിലും വിദ്യാഭ്യാസത്തിലും വിവിധ വിഷയങ്ങളിലുമുള്ള വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പതിനഞ്ച് വികസന പ്രബന്ധങ്ങളുടെ ലഘു അവതരണങ്ങൾ നടന്നു. കൊയിലാണ്ടിയുടെ ഭാവി വികസന ദിശകൾ ചർച്ച ചെയ്യുന്നതിനുള്ള വേദിയായി ശിൽപശാല മാറി.
2050-നെ ലക്ഷ്യമാക്കി വിദ്യാഭ്യാസം, സ്പോർട്സ്, സാമൂഹ്യ പുരോഗതി, വ്യവസായം, കൃഷി , ആധുനിക നഗരാസൂത്രണം, സാംസ്കാരിക വളർച്ച തുടങ്ങിയ മേഖലകളിൽ ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശിൽപശാലയിൽ ഉയർന്നു വന്നു. സമുദ്രജലത്തിൽ നിന്നും കുടിവെള്ളം ശുദ്ധീകരിച്ചെടുക്കാനുള്ള ഭാവി സാധ്യതകൾ, ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട സ്‌റ്റാർട്ടപ്പുകൾ, നഗരത്തിൻ്റെ ശാസ്‌ത്രീയ രൂപകൽപന, പ്രാദേശിക തലത്തിൽ അടിസ്ഥാന സൗകര്യ വികസനം, പൊളിച്ചു മാറ്റി പുനഃസ്ഥാപിക്കാവുന്ന ഗൃഹനിർമാണ സാങ്കേതികവിദ്യയുടെ ആവശ്യകത, പ്രദേശത്തിൻ്റെ ഘടനക്കനുസരിച്ചുള്ള ഗൃഹനിർമാണ സാങ്കേതികവിദ്യകൾ, ആരോഗ്യകരമായ സമൂഹ നിർമ്മാണം, കായിക പരിശീലന കേന്ദ്രങ്ങൾ രൂപീകരിക്കൽ തുടങ്ങിയ നിർദേശങ്ങളും ചർച്ചചെയ്യപ്പെട്ടു.
പരിപാടി എൻ. ഇ. ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. അഡ്വ. സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. എം.ജി.ബൽരാജ് , അഡ്വ. കെ.ടി. ശ്രീനിവാസൻ, കെ. എൻ. ജയപ്രകാശ്, ഡോ. പി. എം.പ്രഭാകരൻ, രാജൻ പഴങ്കാവിൽ, എ. കെ. സുരേഷ് ബാബു, സി. ജയരാജ്, എം. കെ. വേലായുധൻ, എ. ഹരിദാസ്, പ്രിയ, ശ്രീലാൽ പെരുവട്ടൂർ, ബീന ബി.എസ് എന്നിവർ പ്രസംഗിച്ചു.
