മാർച്ചിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. വേനലവധിയും പെരുന്നാളും ഒരുമിച്ച് വരുന്നതോടെ പതിവുപോലെ നിരക്ക് വർധന നടപ്പിലാക്കിയതായാണ് യാത്രക്കാർ പറയുന്നത്. പല റൂട്ടുകളിലും ഇരട്ടിയിലധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാട്ടിലെത്തി പെരുന്നാൾ ആഘോഷിച്ച് തിരിച്ചുവരാൻ ഒരുങ്ങുന്ന പ്രവാസികൾക്കും അവധിയാഘോഷത്തിനായി ഗൾഫിലേക്ക് യാത്രതിരിക്കാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണയും വൻ തിരിച്ചടിയാണ് ഈ വർധന. കേരളം ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് പെരുന്നാൾ കാലയളവിൽ യാത്ര ചെയ്യാൻ ഉയർന്ന തുക നൽകേണ്ട സാഹചര്യമാണുള്ളത്.
ഇപ്പോൾ യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റുകൾക്ക് ഏകദേശം 350 ദിർഹം വരെ നിരക്കുണ്ട്. എന്നാൽ മാർച്ച് രണ്ടാംവാരം കഴിഞ്ഞാൽ ഇത് ആയിരം ദിർഹത്തിന് മുകളിലേക്ക് ഉയരുമെന്നാണ് സൂചന. മാർച്ച് 15 മുതൽ ഏപ്രിൽ 19 വരെ നിരക്കുകൾ ഇരട്ടിയിലധികം ഉയർന്നതായി യാത്രാ ഏജൻസികൾ പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് മാർച്ച് പകുതിക്ക് ശേഷം യുഎഇയിലേക്ക് യാത്ര ചെയ്യാൻ 20,000 മുതൽ 28,000 രൂപവരെ ചെലവാകുന്നു. ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങളിൽ നിന്നുള്ള ഗൾഫ് റൂട്ടുകളിലും സമാന സാഹചര്യമാണുള്ളത്. സ്കൂൾ അവധിയും പരിഗണിക്കുമ്പോൾ ടിക്കറ്റുകൾക്ക് വൻ ആവശ്യകതയാണ് അനുഭവപ്പെടുന്നത്.
അതേസമയം റമദാൻ മാസത്തിന്റെ ആദ്യ പകുതിയിൽ യാത്രാനിരക്ക് താരതമ്യേന കുറവാണെന്നതാണ് ആശ്വാസം. ചിലർ കണക്ഷൻ ഫ്ലൈറ്റുകൾ ആശ്രയിച്ച് കുറഞ്ഞ ചെലവിൽ നാട്ടിലെത്താനുള്ള സാധ്യത തേടുകയാണ്.
