കോഴിക്കോട് ജില്ലയിൽ ആകെ 26,57,478 വോട്ടര്‍മാർ; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു 

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം ജില്ലയിൽ 26,57,478 വോട്ടര്‍മാരാണ് ഉള്ളത്.  ഇതിൽ 12,98,343 പുരുഷന്മാരും 13,59,102 സ്ത്രീകളും 33 ട്രാന്‍സ്ജെന്‍ഡറർമാരും ഉൾപ്പെടും. സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) നടപടികൾ പൂര്‍ത്തിയാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ജില്ലയിൽ പുതുതായി സൃഷ്ടിച്ച 534  പോളിംഗ് സ്റ്റേഷനുകള്‍ ഉൾപ്പെടെ നിലവിൽ 2837 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ജില്ലയിലെ ലിംഗാനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1047 സ്ത്രീകള്‍ എന്ന നിലയിലാണ്. കൂടാതെ അന്തിമ പട്ടികയില്‍ 57679 പ്രവാസി വോട്ടര്‍മാരും ഉണ്ട്. എപിക് (വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡ്) കവറേജ് 100% ആണ്.
പ്രത്യേക തീവ്ര പരിഷ്കരണം (എസ് ഐ ആർ -2026) ന്റെ ഭാഗമായി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21 -ന് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പുകള്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ ഉള്ള ആക്ഷേപങ്ങളും, അവകാശവാദങ്ങളും പരിഗണിച്ച ശേഷമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.
അന്തിമ വോട്ടര്‍ പട്ടിക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ് സെെറ്റായ  www.ceo.kerala.gov.in -ൽ പരിശോധനക്കായി ലഭ്യമാണ്. കൂടാതെ  ഇലക്ടറല്‍  രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തിലും, ബന്ധപ്പെട്ട ബി.എല്‍.ഒ മാരുടെ പക്കലും വില്ലേജ് ഓഫീസുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പകര്‍പ്പുകള്‍ ലഭ്യമാണ്. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍നിന്നും ലഭിക്കും.

Leave a Reply

Your email address will not be published.