ആദിവാസി കുടുംബങ്ങൾക്കായി ‘സ്നേഹഹസ്തം’ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വനം-വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ച് പരിധിയിലെ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കായി ‘സ്നേഹഹസ്തം’ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ഇ കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും രോഗനിർണയവും ലക്ഷ്യമിട്ടാണ് സംസ്ഥാന വനവികസന ഏജൻസിയുടെ പിന്തുണയോടെ ക്യാമ്പ് ഒരുക്കിയത്. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം സെർവിക്കൽ കാൻസറിനുള്ള പ്രതിരോധ കുത്തിവെപ്പായ എച്ച്.പി.വി വാക്സിനും നൽകി. ക്യാമ്പിൽ ചിറ്റാരി, വായാട്, കണ്ടിവാതുക്കൽ, ഏലാംബയിൽ, മാടഞ്ചേരി തുടങ്ങിയ ഉന്നതികളിൽനിന്നുള്ള നൂറിലധികം പേർ പരിശോധനക്കെത്തി.

ചടങ്ങിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം എൻ മേനോൻ അധ്യക്ഷനായി. അസിസ്റ്റന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു ആഷിഖ് അലി, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ രാജു അലക്സ്, ഷെബി സെബാസ്റ്റ്യൻ, ഐ.എം.എ പ്രതിനിധികളായ ഡോ. റോയ് ആർ ചന്ദ്രൻ, ഡോ. ജ്യോതി കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.