മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്നാക്കി ബെവ്കോ; അരലിറ്ററിന് 400 രൂപ

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്ന് ബെവ്കോ പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ‘മലബാർ മിസ്റ്ററി’ എന്ന പേര് മാറ്റിയാണ് പുതിയ പേര് സ്വീകരിച്ചത്. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം.പി. രാജേഷ് ബ്രാൻഡിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും.

പാലക്കാട് മേനോൻപാറയിൽ പ്രവർത്തനം ആരംഭിക്കുന്ന പ്ലാന്റിലാണ് ഉൽപാദനം. ഒരു മാസത്തിനകം ‘മിന്നൽ മാജിക്’ ബെവ്കോ ഔട്ട്‌ലെറ്റുകളിലെത്തുമെന്നാണ് സൂചന. പ്രതിദിനം 13,500 കേസ് മദ്യമാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്. അരലിറ്റർ കുപ്പികളിലായിരിക്കും വിൽപ്പന. അരലിറ്റർ ബോട്ടിലിന് ഏകദേശം 400 രൂപ വില നിശ്ചയിക്കുമെന്നാണു വിവരം. നിലവിൽ സർക്കാർ നിർമ്മിക്കുന്നത് ‘ജവാൻ റം’ മാത്രമാണ്.

ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനം 21നാണ് നടക്കുന്നത്. ചടങ്ങിൽ ബ്രാൻഡിന്റെ പേരും ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, ബ്രാൻഡിന് പേര് പൊതുജനങ്ങളിൽ നിന്ന് ക്ഷണിച്ച നടപടി വിവാദമായിരുന്നു. തെരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനം നൽകുമെന്ന ബെവ്കോ എംഡിയുടെ പ്രഖ്യാപനത്തിനെതിരെ ഹർജി ഹൈക്കോടതിയിലെത്തി. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന വാദം ഉയർന്നതിനെ തുടർന്ന് കോടതി ഇടപെട്ടു. അബ്കാരി ചട്ടലംഘനം ഉണ്ടായിരിക്കാമെന്ന നിരീക്ഷണത്തോടെയാണ് പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ, ഇത്തരമൊരു പരസ്യം നൽകിയിട്ടില്ലെന്ന് ബെവ്കോ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.