കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനെത്തിയ വനിതാ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി ഡോക്ടർ മോശമായി പെരുമാറിയതായി റിപ്പോർട്ട്. ഐ.എം.സി.എച്ച് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2022 ഓഗസ്റ്റ് 17-നാണ് മലപ്പുറം സ്വദേശിയായ വനിതാ ഡോക്ടർക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ദുരനുഭവം ഉണ്ടായത്. പ്രസവ മുറിയിൽ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് മോശം പെരുമാറ്റത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയായ ഡോക്ടറാണ് പരാതിക്കാരിക്കോട് അപമര്യാദയായി പെരുമാറിയത്.
ആരോപണവിധേയയായ പി.ജി ഡോക്ടറോട് ആശുപത്രി അധികൃതർ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരനുഭവം നേരിട്ട വനിതാ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.
