ജില്ലയില്‍ അന്തരീക്ഷ താപം സാധാരണയില്‍ കൂടുതലായി അനുഭവപ്പെടുന്നതിനാല്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. വേനല്‍ക്കാലമായതില്‍നാല്‍ വയറിളക്കം, മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള ജലജന്യ രോഗങ്ങളും ചിക്കന്‍ പോക്സ് പോലെയുള്ള പകര്‍ച്ചവ്യാധികളും ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രതിരോധ മാര്‍ഗങ്ങള്‍
*വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം.
*ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കോള തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
*വെള്ളം ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. കഴിക്കുന്നതിന് മുമ്പ് ഇവ നന്നായി കഴുകണം.
*നോമ്പ് അനുഷ്ഠിക്കുന്നവര്‍ വ്രതത്തിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണനിയന്ത്രണം പിന്തുടരുകയും വേണം.
*വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
*കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.
*കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടണം.
*കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയതുമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
*വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക
*വെയിലത്തും തുറസ്സായ സ്ഥലങ്ങളിലും പണിയെടുക്കുന്നവര്‍ക്ക് അപകടസാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം
സൂര്യാഘാതമോ ചൂട് കാരണമുള്ള മറ്റു ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍
*വെയിലുള്ള സ്ഥലത്തുനിന്ന് തണുപ്പുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക
*ധരിച്ച കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക
*തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക. ഫാന്‍, എ.സി എന്നിവയുടെ സഹായത്തോടെ ശരീരം തണുപ്പിക്കുക.
*ധാരാളം പാനീയങ്ങള്‍ കുടിക്കുക. ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പഴവര്‍ഗങ്ങളും സാലഡുകളും കഴിക്കുക.
*ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.
