എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സർക്കാർ നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും. ഭിന്നശേഷി സംവരണത്തിൽ എൻ.എസ്.എസിന് അനുകൂലമായ ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഭിന്നശേഷി സംവരണത്തിന് 4% ഒഴിവുകൾ മാറ്റിവച്ച് ബാക്കിയുള്ള ഒഴിവുകളിൽ സ്ഥിരം അധ്യാപക നിയമനം നടത്തുന്നതിന് എല്ലാ മാനേജ്മെന്റുകൾക്കും അനുവാദം കൊടുക്കുകയാണ് ചെയ്യുക. എൻഎസ് എസിന് സുപ്രീം കോടതി നൽകിയ ഈ ഉത്തരവ് എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കിയുള്ള ഉത്തരവാണ് ഇറങ്ങുക.

നേരത്തെ ഇത്തരം ആവശ്യമുള്ള മാനേജ്മെന്റുകൾ കോടതിയെ സമീപിക്കട്ടെ എന്നായിരുന്നു സർക്കാറിന്റെ നിലപാട്. എൻഎസ്എസ് സുപ്രീംകോടതിയിൽ നിന്ന് നേടിയെടുത്ത ഈ ഉത്തരവ് തങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മാനേജ്മെന്റുകൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. എൻഎസ്എസ് വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കുന്നതോടെ സംസ്ഥാനത്തെ 20000 ത്തോളം എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് തങ്ങളുടെ തൊഴിൽ സ്ഥിരത ഉറപ്പ് വരുത്താനുള്ള നടപടിയാകും.

Leave a Reply

Your email address will not be published.