കോഴിക്കോട്: മോഷ്ടിച്ച 3.5 ഗ്രാം സ്വർണമാല വിഴുങ്ങിയ പ്രതി സമീന, പൊലീസ് കാവലിൽ കഴിയുന്നതിനിടെ ആശുപത്രിയിലെ ശുചിമുറിയിൽ മാല ഫ്‌ലഷ് ചെയ്ത് തെളിവ് നശിപ്പിച്ചതായി കേസ്. തൊണ്ടിമുതൽ വീണ്ടെടുക്കാനാകാതായതോടെ തെളിവ് നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ കൂടി ചുമത്തി പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ കഴുത്തിൽ നിന്നാണ് മാല മോഷ്ടിച്ച് വിഴുങ്ങിയതെന്നാണ് കേസ്. മാല തിരിച്ചെടുക്കുന്നതിനായി വ്യാഴാഴ്ച പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നുമുതൽ പൊലീസ് കാവലിലായിരുന്നു യുവതി.
പോലീസ് പറയുന്നതനുസരിച്ച്, ശനിയാഴ്ച അർധരാത്രിയോടെ ആശുപത്രി ശുചിമുറിയിൽ വിസർജ്യത്തിലൂടെ മാല പുറത്തുവന്നു. കാവലിൽ ഉണ്ടായിരുന്ന രണ്ട് വനിതാ സിപിഒമാരെ ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം സ്വർണമാലയും ഡയപ്പറും ക്ലോസറ്റിൽ ഇട്ട് ഫ്‌ലഷ് ചെയ്തുകളഞ്ഞുവെന്നാണ് ആരോപണം. തുടർന്ന് എടുത്ത എക്‌സ്‌റേയിൽ വയറിനകത്ത് ലോഹവസ്തുക്കൾ ഒന്നും കണ്ടെത്താനായില്ല. ഇതോടെ തൊണ്ടിമുതൽ വീണ്ടെടുക്കാനുള്ള സാധ്യത നഷ്ടമായി.
മുന്‍പ് നടത്തിയ എക്‌സ്‌റേയിൽ സ്വർണമാലയ്‌ക്കൊപ്പം ഒരു കമ്മലും വയറിനകത്തുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ 10-ാം തീയതി രാത്രി 10-ഓടെയായിരുന്നു സംഭവം. പുളിക്കലോടി സ്വദേശികൾ കുട്ടിയെ കാണിക്കാൻ എത്തിയപ്പോൾ വരാന്തയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ സമീന ലാളിക്കുന്നതായി കണ്ടു. പിന്നാലെ കുഞ്ഞിന്റെ കഴുത്തിലെ മാല കാണാതാവുകയായിരുന്നു. പിടിയിലാകുമെന്ന സാഹചര്യം ഉണ്ടായതോടെ മാല വിഴുങ്ങിയെന്നാണ് കേസ്.
ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആഭരണം കണ്ടെത്തിയതിനെ തുടർന്ന് എനിമ നൽകി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ സ്റ്റേഷനിൽ കാവലിൽ പാർപ്പിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചികിത്സ നൽകിയിട്ടും ആഭരണം പുറത്തുവരാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വനിതാ സിപിഒമാരുടെ കാവലിലായിരുന്നു പ്രതി വാർഡിൽ കഴിഞ്ഞത്.
