ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുന: പരിശോധനാ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഏഴ് വർഷത്തിനുശേഷം ഈ വിഷയം പരിഗണിക്കുന്നത്. ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ വിഷയങ്ങളടങ്ങുന്ന 67 ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
കേസിൽ ഏപ്രിൽ ഏഴാം തീയതി രാവിലെ 10:30 മുതൽ വാദം കേള്‍ക്കും. മൂന്ന് ദിവസമാണ് വാദം കേള്‍ക്കാൻ അനുവദിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ ഹർജിക്കാർക്ക് വാദങ്ങളുന്നയിക്കാം. ഒമ്പതാം തീയതി വരെ റിവ്യു പെറ്റിഷനുമായി ബന്ധപ്പെട്ട പിന്തുണയ്ക്കുന്നവരുടെ വാദങ്ങള്‍ കേള്‍ക്കും. ശേഷം 14 മുതൽ 16 വരെ എതിർ കക്ഷികളുടെ വാദങ്ങളും കേള്‍ക്കും. കൂടുതൽ വാദം ആവശ്യമെങ്കിൽ 21 ന് വീണ്ടും പരിഗണിക്കും. ഏപ്രിൽ 22ന് വാദ കോള്ക്കൽ അവസാനിപ്പിക്കുമെന്നുമാണ് കോടതി നിശ്ചയിച്ചിട്ടുണ്ട്. അഡ്വ പമമേശ്വരനാണ് കേസിൽ അമിക്കസ്ക്യൂറി.
തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിങിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചിട്ടുണ്ട്. അഭിഭാഷകൻ കെ പരമേശ്വറിനോട് അമികസ് ക്യുറിയാവാൻ കോടതി നിർദേശിച്ചു. അഭിഭാഷകൻ ശിവം സിങാണ് അമിക്കസ് ക്യൂറിയെ സഹായിക്കുക.
