തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്ന് മുതൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരം ആരംഭിച്ചു. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ശക്തമാക്കുന്നത്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി സർക്കാർ നടത്തിയ ചർച്ചകളിൽ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നാരോപിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) പ്രതികരിച്ചു.
സർക്കാർ വാഗ്ദാനങ്ങളിൽ വ്യക്തമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഒപി ബഹിഷ്കരണവും ശസ്ത്രക്രിയകൾ നിർത്തിവെക്കുന്നതുമെന്നു സംഘടന വ്യക്തമാക്കി.
