കേരളത്തിൽ റെയിൽവേ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സർക്കാരിന് സാധിച്ചതായും റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുന്നതായും
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാവങ്ങാട് റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2021-26 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ റെയിൽവേ മേൽപാലം പൂർത്തിയാക്കിയത്. നിലമ്പൂർ അടിപ്പാത അടക്കം 10 പ്രവൃത്തികൾ ഈ കാലയളവിൽ പൂത്തിയാക്കി. 27 റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നടന്നുവരുന്നു. ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിലൂടെ 99 മേൽപാലങ്ങളുടെ പ്രവൃത്തി നടത്താൻ തീരുമാനിക്കുകയും 72 എണ്ണത്തിൻ്റെ നിർമാണത്തിന് കിഫ്ബിയേയും 27 എണ്ണത്തിൻ്റെ നിർമാണത്തിന് റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിനെയും ചുമതലപ്പെടുത്തുകയും ചെയ്തതായും മന്ത്രി പറഞ്ഞു.
സർക്കാരിൻ്റെ ആവശ്യപ്രകാരം നൂറ് ശതമാനം കേന്ദ്ര ഫണ്ടോടെ 37 മേൽപ്പാലങ്ങളുടെ നിർമാണം കെ.ആർ.ഡി.സി.എൽ വഴി നടത്താൻ തിരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കൂടിയാൽ സംസ്ഥാനത്ത് 140 മേൽപ്പാലങ്ങൾ നിലവിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുതിയാപ്പ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുതിയാപ്പ –പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി സംസ്ഥാന സർക്കാർ 13.76 കോടി രൂപ ചെലവഴിച്ചാണ് പുനരാരംഭിക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിർമാണ ചുമതല.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എം കെ രാഘവൻ എം പി, മേയർ ഒ സദാശിവൻ എന്നിവർ മുഖ്യാതിഥികളായി. കോർപ്പറേഷൻ വികസന സ്ഥിരം സമിതി അധ്യക്ഷൻ വി പി മനോജ്, കൗൺസിലർമാരായ പി പ്രസീന, നിഷിത ശിവൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ജനറൽ മാനേജർ എം അൻസാർ, ആർ.ബി.ഡി.സി.കെ പ്രോജക്ട് എഞ്ചിനിയർ വിജിൻ ജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
