പുത്തഞ്ചേരിയെന്ന ഗ്രാമപ്പേര് തൻ്റെ പ്രതിഭാവിലാസം കൊണ്ട് വാനോളമുയത്തിയ ഗിരീഷിന് ഓർമ്മപ്പൂക്കൾ കൊണ്ട് സ്നേഹാദരം. അത്തോളി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കൂമുള്ളിയിൽ സംഘടിപ്പിച്ച സ്മൃതിലയം പരിപാടി ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങൾ കൊണ്ടും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്ന സ്നേഹഭാഷണങ്ങൾ കൊണ്ടും രാപകലിനെ ധന്യമാക്കി.
സംഗീതത്തിലും എഴുത്തിൻ്റെ വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരിയെന്ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത അഡ്വ.കെ.എം സച്ചിൻ ദേവ് എം. എൽ. എ പറഞ്ഞു. മനുഷ്യൻ്റെ വ്യത്യസ്തങ്ങളായ വികാരങ്ങളെ ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങളിലൂടെ ആവിഷ്കരിച്ചു. ജനകീയ പരിപാടികളുടെ മികച്ച സംഘടകനായിരുന്നു അദ്ദേഹമെന്നും എം.എൽ. എ അനുസ്മരിച്ചു.
അനർഗളവും അനായാസവുമായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടെഴുത്തെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഗാന നിരൂപകൻ സജിത് ഏവൂരേത്ത് പറഞ്ഞു. ബാല്യത്തിലെ ദാരിദ്ര്യത്തെ അക്ഷരം ഭക്ഷണമാക്കിയാണ് അദ്ദേഹം മറികടന്നത്. വേദനകളിലൂടെ സഞ്ചരിച്ച് ജീവിതത്തിൻ്റെ വൈവിധ്യം മനസ്സിലാക്കി. പിച്ചവെച്ച മണ്ണിനേയും ജീവിച്ച ഗ്രാമത്തേയും സംഗീത സാന്ദ്രമായ വരികളിൽ വരച്ചിട്ടു. ജനിച്ച ഗ്രാമത്തെ ലോക പ്രശസ്തമാക്കി. മനസ്സുകൊണ്ട് ജീവിച്ച ഒരു പാവമായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ജീവിത പ്രതിസന്ധികളിൽ നിന്ന് ഊർജ്ജം നേടിയ ആത്മവിശ്വാസമായിരുന്നു അദ്ദേഹത്തിൻ്റെ കരുത്തെന്നും ഡോ. സജിത് പറഞ്ഞു. രണ്ടാമത് ഗിരീഷ് പുത്തഞ്ചേരി സൂര്യകിരീടം പുരസ്കാരം ഗാന രചയിതാവ് ബി.കെ ഹരി നാരായണന് കെ.എം. സച്ചിൻദേവ് എം.എൽ. എ സമർപ്പിച്ചു. ഒരു സൂര്യ കിരീടം ഒരു പുൽക്കൊടിത്തുമ്പിൽ പതിച്ച അനുഭവമാണ് ഗിരീഷ് പുത്തഞ്ചേരി പുരസ്കാര ലഭ്യതയിൽ തനിക്കുള്ളതെന്ന് ഹരിനാരായണൻ പറഞ്ഞു.
വിജ്ഞാനവും പദാവലിയും കൊണ്ട് ധനികനായിരുന്ന ഗിരീഷ് പുത്തഞ്ചേരി നിലനിൽപ്പിനായുള്ള ഭയത്താലാണ് സിനിമാ ഗാന രചനയ്ക്ക് പോയതെന്ന് മുഖ്യാതിഥിയായ നടി ഗായത്രി വർഷ ഓർത്തു. ഗാനങ്ങളുടെ റോയൽറ്റി പാട്ടെഴുത്തുകാരന് ലഭിക്കാനുള്ള സമരം വേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗീത മപ്പുറത്ത്, ജില്ലാപഞ്ചായത്ത് മെംബർ മണി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.എം. ശശി, സ്വാഗത സംഘം കൺവീനർ കെ. മുരളീധരൻ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ എസ്. അനിൽ മാസ്റ്റർ, അഖിൽ കൂമുള്ളി, കെ.ടി. ശേഖർ, ഹരിദാസൻ എടത്തിൽ, ഗണേശൻ തെക്കേടത്ത്, ഹരി പനങ്കുറ തുടങ്ങിയവർ പങ്കെടുത്തു. അഷ്റഫ് ചീടത്തിൽ വീഡിയോ ചിത്രീകരണത്തിലൂടെ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
രാവിലെ മുതൽ വൈകീട്ട് വരെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള ജില്ലാതല ഗാനാലാപന മത്സരം നടന്നു. സൂപ്പർ സീനിയർ വിഭാഗത്തിൽ അജിത് കുമാർ ബാലുശ്ശേരി, ഭാസ്കരൻ ടി. കെ., പുഷ്പ ഹാസൻ കൊങ്ങന്നൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. സീനിയർ വിഭാഗത്തിൽ സൂര്യ കിരൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദയ എസ്സ് രണ്ടാം സ്ഥാനവും അനുഗ്രഹ് ടി. കെ. മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ ദേവിക പി. എം. ഒന്നാം സ്ഥാനവും ദേവദർശ് രണ്ടാം സ്ഥാനവും രേവതി കെ. മൂന്നാം സ്ഥാനവും സ്വന്തമാക്കി. പൂക്കാട് കലാലയത്തിൻ്റെ നൃത്താഞ്ജലി, ജി. എം. യു.പി സ്കൂൾ വേളൂരിൻ്റെ നാടകം, ലെനീഷ് കാരയാടും സംഘവും അവതരിപ്പിച്ച ഗാനാഞ്ജലി എന്നിവയും അരങ്ങേറി.
